ആത്മീയതയുടെ തീരം തേടി പതിനായിരങ്ങളെത്തി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് ഉജ്വലമായി

പെരിന്തല്‍മണ്ണ : ആത്മാവിന്റെ സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ജനസാഗരം ഒരുമിച്ചുകൂടി. വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മജ്‌ലിസുന്നൂര്‍ സദസ്സിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു.
അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. അന്നൂര്‍ അറബിക് മാസിക അന്‍വര്‍ ഫൈസി തിരൂര്‍ക്കാട് ഏറ്റുവാങ്ങി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി.
വൈകുന്നേരം 4ന് പണ്ഡിത ദര്‍സ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.

ഇന്ന് വൈകിട്ട് 4.30ന് രാഷ്ട്രാന്തരീയം സെഷന്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ശാഫി പറമ്പില്‍ എം.എല്‍.എ, സി.പി സൈതലവി, പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
6.30ന് സ്വഹാബ സെഷനില്‍ കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയാവും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ് വിഷയമവതരിപ്പിക്കും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി സമപന പ്രസംഗം നടത്തും.