കോയക്കുട്ടി ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ അണമുറിയാത്ത ജനപ്രവാഹം

എടപ്പാള്‍: അന്തരിച്ച സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ അണമുറിയാത്ത ജനപ്രവാഹം. ഇന്നലെ രാത്രി അന്തരിച്ച കോയക്കുട്ടി ഉസ്താദിന്റെ ജനാസ എടപ്പാള്‍ ദാറുല്‍ഹിദായ കോംപ്ലക്‌സിലാണ് പൊതു ദര്‍ശനത്തിന് വച്ചത്.

രാത്രി മുതല്‍ തവണകളായി വീട്ടില്‍വച്ച് മയ്യത്ത് നിസ്‌കാരം നിര്‍വഹിച്ച ശേഷം ഇന്നു രാവിലെയാണ് ദാറുല്‍ ഹിദായയിലേക്ക് എത്തിച്ചത്. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വന്‍ ജനസഞ്ചയമാണ് എടപ്പാളിലേക്ക് ഒഴുകുന്നത്.

പ്രമുഖ സാദാത്തുക്കളുടെയും സമസ്തയുടെ സമ്മുന്നത നേതാക്കളുടെയും നേതൃത്വത്തില്‍ ഓരോ പതിനഞ്ച് മിനുറ്റും ഇടവിട്ടാണ് മയ്യിത്ത് നിസ്‌കാരം നടന്നുകൊണ്ടിരിക്കുന്നത്. ഉച്ചക്ക് ഒരു മണിക്ക് മയ്യിത്ത് ആനക്കരയിലേക്ക് കൊണ്ടുപോകും. രണ്ടു മണിക്ക് സ്വവസതിയോട് ചേര്‍ന്ന് ഖുതുബ്ഖാനക്ക് സമീപം ഖബറടക്കും.