സേവന നിരതമായി വിഖായ ദിനാഘോഷം; സഹചാരി സെന്റർ ഒന്നാം വാർഷികത്തിൽ നിരവധി പദ്ധതികൾ

കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തിലെ എസ് കെ എസ് എസ് എഫ് വിഖായ ദിനാചരണത്തിന്റെ ഭാഗമായി സഹചാരി സെന്റ്ർ ഒന്നാം വാർഷികാഘോഷം നിരവധി ആതുരസേവന പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. സംസ്ഥാനത്തെ നൂറ്റി എഴുപത് കേന്ദ്രങ്ങളിൽ വിവിധ പരി പാടികൾ നടന്നു. വീൽചെയർ വിതരണം, രക്തദാനം, ചികിത്സാ സഹായ വിതരണം ,വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ ,ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയവ നടന്നു. സഹചാരി സെന്റർ വാർഷികത്തിന്റെ ഭാഗമായി പ്രഭാഷണ പരിപാടികളും നടന്നു.
 മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ മുപ്പതോളം വീൽ ചെയറുകൾ, കാൻസർ വാർഡിലേക്ക് ആവശ്യമായ അലമാര എന്നിവ സൂപ്രണ്ട് ശ്രീ നന്ദകുമാറിന് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ കൈമാറി. മുൻ വർഷങ്ങളിലും വീൽ ചെയറുകൾ, കാൻസർ വാർഡിലേക്ക് റഫ്രിജറേറ്റർ, ശീതീകരിച്ച കുടിവെള്ള സൗകര്യം എന്നിവ ഒരുക്കാൻ സഹചാരി സെൻ്ററിനായിട്ടുണ്ട്. അടുത്ത് തന്നെ ചൂടുവെള്ളം ലഭിക്കുന്ന സംവിധാനവും, സ്ട്രക്ചർ തുടങ്ങി മറ്റു സൗകര്യങ്ങളും ആശുപത്രിക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രിയിൽ രണ്ട് ഷിഫ്റ്റുകളിലായി ഇരുനൂറിൽ പരം വളണ്ടിയേഴ്സ് സേവനം ചെയ്ത് വരുന്നുണ്ട്. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ,ലേ സെക്രട്ടറി ശ്രീ ബീരാവു, സ്റ്റോർ സൂപ്രണ്ട് ശ്രീമതി കുസുമം തോമസ് ,സി.ടി. ജലീൽ പട്ടർകുളം, ഉമർ ഫാറൂഖ് കരിപ്പുർ, സൽമാൻ ഫൈസി തിരൂർക്കട്, ശരീഫ് റഹ്മാനി (ദമാം എസ്.കെ.ഐ.സി.പ്രസിഡൻ്റ് ), ശമീർ മേലാക്കം,മുജീബ് ഫൈസി എലമ്പ്ര, ജലീൽ ഫൈസി അരിമ്പ്ര, മൊയ്തീൻ പയ്യനാട്, മിദ് ലാജ് കിടങ്ങഴി, കെ.ജലീൽ മാസ്റ്റർ, റഫീഖ് മഞ്ഞപ്പറ്റ, അബ്ദുറഹ്മാൻ തൊട്ടു പോയിൽ, സാലിം വാക്കേ തൊടി സംബന്ധിച്ചു.