കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍: ഒരു പണ്ഡിതപ്രതിഭ കൂടി വിടവാങ്ങി

മലപ്പുറം: പ്രായം തളര്‍ത്താത്ത മനസുമായി ആത്മീയ രംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും നിറഞ്ഞുനിന്ന ഒരു പണ്ഡിതപ്രതിഭകൂടി വിടവാങ്ങി. കാപ്പില്‍ ഉസ്താദെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വൈശ്യര്‍ വീട്ടില്‍ ഉമര്‍ മുസ്‌ലിയാരെന്ന പണ്ഡിതന്റെ വേര്‍പാട് സമസ്തക്കും സുന്നത്ത് ജമാഅത്തിനും തീരാനഷ്ടമായി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മുഴുസമയ മതപഠനത്തിനു മാറ്റിവച്ച അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുദരിസായി സേവനം ചെയ്യുന്ന നൂറുകണക്കിനു പണ്ഡിതന്മാരുടെ ഗുരുവര്യര്‍ കൂടിയാണ്.

ഒന്നര പതിറ്റാണ്ട് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജില്‍ മുദരിസും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ച അദ്ദേഹം പാലക്കാട്, മലപ്പുറം ജില്ലകളില്‍ സമസ്തയുടെ മുശാവറ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, കെ.എം മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാരുടെ പ്രധാന ഗുരനാഥന്മാര്‍. മതപ്രബോധന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നിരവധി പണ്ഡതന്മാര്‍ക്ക് അറിവ് പകര്‍ന്നതും ഇദ്ദേഹമാണ്.

കര്‍മശാസ്ത്രം, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉസ്താദില്‍നിന്ന് മതവിധികള്‍ അറിയാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിയിരുന്നു. അനന്തരവകാശവുമായി ബന്ധപ്പെട്ട മതവിധികള്‍ ആധുനിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.