സുപ്രഭാതം: നാലാം കുതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം

കോഴിക്കോട്: സുപ്രഭാതം മൂന്നാംവര്‍ഷികാഘോഷത്തിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം. സുപ്രഭാതം കേന്ദ്ര ഓഫിസ് അങ്കണത്തിലെ പ്രൗഢഗംഭീര സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

മൂന്നു പതിറ്റാണ്ടുകൊണ്ട് നേടിയെടുക്കാനാവാത്ത പദവിയാണു മൂന്നുവര്‍ഷം കൊണ്ട് സുപ്രഭാതം നേടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം കൊണ്ട് മുന്‍നിരപത്രമായി മാറാന്‍ സുപ്രഭാതത്തിനു കഴിഞ്ഞു.

ഒരു സമുദായസംഘടനയുടെ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണമായിട്ടും വെറുമൊരു സാമുദായിക പത്രമാവാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ തികഞ്ഞ നിഷ്പക്ഷ നിലപാട് പുലര്‍ത്തുന്ന പത്രമായി നിലനില്‍ക്കാന്‍ സുപ്രഭാതത്തിനായി. ഇതു തന്നെയാണു സുപ്രഭാതത്തിന്റെ സ്വീകാര്യത.
തുടക്കത്തില്‍ തന്നെ ആറ് എഡിഷനുകളുമായി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ പത്രത്തിനു കഴിഞ്ഞു. പല പത്രങ്ങളും പ്രചാരത്തില്‍ ആയിരങ്ങളില്‍നിന്നു ലക്ഷങ്ങളിലെത്തിയത് പതിറ്റാണ്ടുകളുടെ പരിശ്രമം കൊണ്ടായിരുന്നു. എന്നാല്‍, പിറവിയില്‍ തന്നെ വലിയ പ്രചാരം നേടാന്‍ സുപ്രഭാതത്തിനു കഴിഞ്ഞു.
വാര്‍ത്താ സമീപനരീതി, അവതരണരീതി എന്നിവയിലെ പ്രൊഫഷണലിസം ഇതിനു കാരണമായി. പ്രചാരവും എഡിഷനുകളുടെ എണ്ണവുമല്ല, പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ ഗുണനിലവാരവും അതു സമൂഹത്തിന്റെ നന്മയ്ക്ക് എത്രമാത്രം ഗുണം ചെയ്യുന്നുവെന്നതുമാണ് ഒരു മാധ്യമത്തിന്റെ സമൂഹത്തിലെ സ്ഥാനം നിര്‍ണയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സുപ്രഭാതം സ്ഥാപക ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ് ലിയാര്‍ സ്മരണിക പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുപ്രഭാതം ഡയറക്ടറും ഖത്തറിലെ സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദ് സഫാരി ഏറ്റുവാങ്ങി. അബ്ദുസമദ് പൂക്കോട്ടൂര്‍ സ്മരണിക പരിചയപ്പെടുത്തി. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും സമസ്ത കേരള വിദ്യാഭ്യാസബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തി.

ഇഖ്‌റഅ് പബ്ലിക്കേഷന്‍ ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. മാധ്യമ അവാര്‍ഡുകള്‍ നേടിയ സുപ്രഭാതം ജീവനക്കാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍ സംസാരിച്ചു. ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ നന്ദിയും പറഞ്ഞു.