മതസ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കുക: സമസ്ത

തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിന് മേലുളള ആര്‍ എസ് എസിന്റെ കടന്ന് കയറ്റം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് നേരെ കേരള സര്‍ക്കാരും പോലീസും നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 25 ന് തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ സംഘടിപ്പിക്കുന്ന മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയും പോഷക ഘടകങ്ങളും ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മതസ്വാതഭന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഉത്തരേന്ത്യയിലെ പോലെ മതവൈരത്തിന്റെ ഭീതിതമായ ചുറ്റുപാടിലേക്ക് കേരളത്തെ മാറ്റാനുളള ആര്‍ എസ് എസ് നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്ന സംഭവ വികാസങ്ങളാണ് കേരളത്തില്‍ അടുത്ത കാലത്തായി കണ്ട് വരുന്നത്. ഇത്തരം ശ്രമങ്ങളെ നിയമത്തിന്റെ പരിരക്ഷയില്‍ നിന്ന് നേരിടുന്നതിന് വേണ്ടിയാണ് ആഗസ്റ്റ് 25 ന് വെളളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂരില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്താന്‍ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ഒറ്റക്കെട്ടായി കര്‍മ്മ രംഗത്തേക്കിറങ്ങണം. ആര്‍ എസ് എസുകാര്‍ അഴിഞ്ഞാടുമ്പോള്‍ നോക്കി നില്‍ക്കുന്ന പോലീസായി കേരള പോലീസ് മാറാന്‍ പാടില്ല. നിയമം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്നറിഞ്ഞ് മൗനമായി നിന്നുകൂടെന്നും മതസ്വാതന്ത്ര്യ സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും പങ്കെടുക്കണ മെന്നും സമസ്ത ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ആഗസ്റ്റ് 25 ന് വെളളിയാഴ്ച 4 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ എത്തിച്ചേരണം. അവിടെ നിന്നാണ് റാലി ആരംഭിക്കുക. വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കും റാലിയില്‍ പങ്കെടുക്കാനും തിരിച്ച് പോകാനുമുളള വാഹനങ്ങള്‍ മഹല്ല്/ മദ്രസ്സ കമ്മറ്റികള്‍ ഏര്‍പ്പാട് ചെയ്യണം. ഓരോ മഹല്ലിന്റെയും പ്രാധിനിധ്യം റാലിയില്‍ ഉണ്ടാവണമെന്നും വെള്ളിയായഴ്ച ജുമുഅക്ക് പള്ളിയില്‍ ഇത് സംബന്ധമായി ഉല്‍ബോധനം നടത്തണമെന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ മഹല്ല് / മദ്രസ്സ് കമ്മറ്റി നല്‍കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ജനറല്‍ സെക്രട്ടറി എം എം മുഹ്‌യിദ്ദീന്‍ മൗലവി, എസ് എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് മുസ്‌ലി, ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ജംഇത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി സി എ ലത്തീഫ് ദാരിമി ഹൈത്തമി, ജംഇയ്യത്തുല്‍ ഖുത്തബാ ജില്ലാ പ്രസിഡന്റ് സുലൈമാന്‍ ദാരിമി ഏലംകുളം, ജനറല്‍ സെക്രട്ടറി ഫസ്മാഈല്‍ റഹ്മാനി, മദ്രസ്സ മാനേജ്‌മെന്‍ര് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മുഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ബാഖവി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു