2000 കേന്ദ്രങ്ങളിൽ നാട്ടുമുറ്റം. ഫാസിസത്തെ പ്രതിരോധിക്കുന്നതിന് ജനകീയ കൂട്ടായ്മയുമായി SKSSF

തൃശൂർ: രാജ്യത്ത് വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ചിന്താധാരയെ പ്രതിരോധിക്കുന്നതിന് ശക്തമായ ജനകീയ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടങ്ങളുടെ പ്രത്യക്ഷ ഇര ഒരു പ്രത്യേക വിഭാഗമാണെങ്കിലും അതിനെതിരെയുള്ള മൗനം രാജ്യത്തിന്റെ സമാധാനത്തേയും സുസ്ഥിര വികസനത്തേയും തകർക്കും. ജനകീയ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് “ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം” എന്ന ശീർഷകത്തിൽ ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് ആചരിക്കുന്ന ദേശീയോദ്ഗ്രഥന പ്രചരണ കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ “നാട്ടു മുറ്റം” സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എസ്. കെ. എസ്. എസ്. എഫ് നേതൃസംഗമം തൃശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഗ്രാമങ്ങളിൽ എല്ലാ മതവിഭാഗങ്ങൾ തമ്മിലും നിലനിർത്തിപ്പോന്ന അതിരില്ലാത്ത സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലയിടത്തും അത്തരം കുട്ടായ്മകൾ ഇന്നും നിലനിൽക്കുന്നു. നിഷ്കളങ്കരായ സ്ത്രീകളുടേയും കുട്ടികളുടേയും മനസ്സിൽ അനാവശ്യ ഭീതി നിറക്കുന്നതിനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതിനായി ഫാസിസ്റ്റ് ശക്തികൾ കഴിഞ്ഞ കുറേ വർഷങ്ങളായി അസൂത്രിതമായ ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിനായി ആരാധനാലയങ്ങൾ പോലും ദുരുപയോഗം ചെയ്യുന്നു. തദ്ഫലമായി നന്മയുടെ തുരുത്തുകളായ ഗ്രാമങ്ങളിൽ പോലും മത ഭേദമന്യേ നിലനിർത്തിപ്പോന്ന മാനവിക കൂട്ടായ്മക്ക് ഗുരുതരമായ തകർച്ച സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്തുക്കളെ കുറിച്ച് ബോധവൽകരിക്കുന്നതിനും സ്വഭാവിക സൗഹൃദങ്ങൾക്ക് ശക്തി പകരുന്നതിനുമാണ് നാട്ടുമുറ്റം സംഘടിപ്പിക്കുന്നത്. വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ നടന്ന പഴയ കാല സൗഹൃദ ചർച്ചകൾ പുനസൃഷ്ടിക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയുമാണ് നാട്ടുമുറ്റം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കലുഷിത സാഹചര്യം മുതലെടുത്ത് അവിവേകികൾ രംഗം കയ്യടക്കുന്നത് തടയാൻ ഇത്തരം വിവേകപൂർണ്ണമായ പ്രതിരോധ ശ്രമങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും ‘ഫ്രീഡം സ്ക്വയർ’ നടക്കും. കൊരട്ടിക്കര അൽഫുർഖാൻ മജ് ലിസിൽ നടന്ന നേതൃസംഗമത്തിൽ എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ് രി അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷഹീർ ദേശമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് സത്താർ ദാരിമി നന്ദിയും പറഞ്ഞു. സംഘാടനം സെഷനിൽ ജില്ലാ ട്രഷറർ മഹ്റുഫ് വാഫി, വർക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ മാലികി തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങൾ സ്വാഗതവും സൈബർ വിംഗ് ചെയർമാൻ അമീൻ കൊരട്ടിക്കര നന്ദിയും പറഞ്ഞു. തൊഴിയൂർ ഉസ്താദ് അനുസ്മരണ മൗലിദ് സദസ്സിന് നൂർ ഫൈസി ആനക്കര, ഇബ്രാഹിം ഫൈസി പഴുന്നാന, സുലൈമാൻ ദാരിമി, ഹക്കീം ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഇസ്മായീൽ ദേശമംഗലം, നൗഫൽ ചേലക്കര, ശിയാസ് അലി വാഫി, റഫീഖ് മൗലവി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, കരീം മൗലവി പഴുന്നാന, ഖൈസ് വെന്മേനാട്, റഫീഖ് പാലപ്പിള്ളി, സൈഫുദ്ധീൻ പാലപ്പിള്ളി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: തൃശൂരിൽ കൊരട്ടിക്കര അൽഫുർഖാൻ മജ്ലിസിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് നേതൃ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.